Cricket Cricket-International Top News

ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് യുഎഇ വേദിയാവുമെന്ന് സ്ഥിരീകരിച്ച് ഗാംഗുലി

July 22, 2022

author:

ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് യുഎഇ വേദിയാവുമെന്ന് സ്ഥിരീകരിച്ച് ഗാംഗുലി

അടുത്ത മാസം ശ്രീലങ്കയില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് യുഎഇ വേദിയാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഈ സമയത്ത് മഴയില്ലാത്ത ഏക സ്ഥലമെന്ന നിലയില്‍ യുഎഇ തന്നെയാണ് ടൂര്‍ണമെന്‍റിന് വേദിയാവാന്‍ ഏറ്റവും അനുയോജ്യമെന്നും ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി കാരണം വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വേദിയുമായി സംബന്ധിച്ച കാര്യത്തിൽ ഇപ്പോൾ തീരുമാനമായിരിക്കുന്നത്. എങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ടി20 ഫോർമാറ്റിൽ ടൂർണമെന്റ് നടക്കാനിരിക്കുന്നത്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്ക പിന്‍മാറിയത്. ഏഷ്യാ കപ്പിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ദുബായില്‍ 2018ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്.

ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സലായാണ് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ ഈ ടൂർണമെന്റിനെ നേരിടാൻ ഒരുങ്ങുന്നത്.

Leave a comment