ഏകദിന ക്രിക്കറ്റ് നിർത്തലാക്കണമെന്ന അഭിപ്രായവുമായി വസീം അക്രം രംഗത്ത്
ടി20 ക്രിക്കറ്റിന്റെ വരവോടെ ഏകദിന ക്രിക്കറ്റിന്റെ ജനപ്രീതിക്ക് മങ്ങലേറ്റിട്ടുണ്ടെന്ന തെളിവാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം.
മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവുന്നില്ലെന്നുള്ള കാരണം ചൂണ്ടികാണിച്ചാണ് സ്റ്റോക്‌സ് ഏകദിന ഫോർമാറ്റിനോട് വിടപറഞ്ഞത്. ഇപ്പോഴിതാ ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് 50 ഓവര്‍ മത്സരങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസീം അക്രം.
സ്റ്റോക്‌സിന്റെ വിരമിക്കലിനു പിന്നാലെ നടന്ന ചര്‍ച്ചകളില്‍ പലരും തങ്ങള്‍ക്ക് ഏകദിന ക്രിക്കറ്റിലുള്ള താത്പര്യം നശിച്ചെന്ന് വ്യക്തമാക്കിയിരുന്നു. ‘ടി20 ക്രിക്കറ്റിന് ശേഷം ഏകദിനങ്ങള്‍ വലിയ മടുപ്പുളവാക്കുന്നു. 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം വേദനിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തോട് യോജിക്കാതിരിക്കാനാവില്ല. കാരണം, ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ താരങ്ങള്‍ ക്ഷീണിക്കുകയാണ് ചെയ്യുന്നതെന്നാണ് അക്രം അഭിപ്രായപ്പെട്ടത്.
ഒരു കമന്റേറ്റര്‍ എന്ന നിലയില്‍ പോലും ഈ ഫോര്‍മാറ്റ് തനിക്ക് ഇഴയുന്നത് പോലെയാണ് തോന്നുന്നതെന്നും വ്യക്തമാക്കി. നേരത്തെ മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.






































