പുതിയ ഐസിസി റാങ്കിങിൽ ബോളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണ് ബുംറ
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ ബോളിംഗ് വിഭാഗത്തിൽ ജസ്പ്രീത് ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്‌ടമായി. ഇന്ത്യൻ താരത്തെ മറികടന്ന് ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ പരിക്കൂമൂലം ബുംറയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് റാങ്കിങ്ങില്‍ പിന്നോട്ട് പോകാന്‍ കാരണം.
ബോള്‍ട്ടിന് 704 റേറ്റിങ്ങാണുള്ളത്. ബുംറയുടെ റേറ്റിങ് 703 ആണ്. ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ബോളർമാരുടെ റാങ്കിംഗിൽ പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി മൂന്നാമതും ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡുമാണ് നാലാമത്. അതേസമയം അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്‌മാനാണ് അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്. ആദ്യ പത്തില്‍ ബുംറയല്ലാതെ മറ്റ് ഇന്ത്യന്‍ ബോളര്‍മാരില്ലെന്നതും നിരാശാജനകമാണ്.
അതേസമയം ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ വിരാട് കോലി നാലാം സ്ഥാനത്തേക്ക് വീണു. കോലിയെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ മൂന്നാമതെത്തി. പാകിസ്ഥാന്റെ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാമത്. പാകിസ്ഥാന്റെ ഇമാം ഉള്‍ഹഖാണ് രണ്ടാമതുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത് തുടരുന്നു.






































