വിയ്യാറയലിലേക്കുള്ള കൂടുമാറ്റത്തിന് സമ്മതമറിയിച്ച് എഡിസൻ കവാനി
സ്റ്റാർ സ്ട്രൈക്കർ എഡിസൻ കവാനി സ്പാനിഷ് ടീമായ വിയ്യാറയലിലേക്കുള്ള കൂടുമാറ്റത്തിന് സമ്മതമറിയിച്ചതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ജൂലൈയിൽ അവസാനിക്കുന്നതോടെ പുതിയ ക്ലബ് അന്വേഷിക്കുകയായിരുന്നു യുറുഗ്വേയൻ താരം.
രണ്ട് സീസണിൽ യുണൈറ്റഡിനായി കളിച്ച കവാനി തന്റെ യുഗം അവസാനിച്ചിട്ടില്ലെന്ന സൂചന നൽകിയാണ് പ്രീമിയർ ലീഗിൽ നിന്നും കളമിറങ്ങിയത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ കവാനി ഇംഗ്ലീഷ് ടീമിലെത്തുന്നത്. പ്രീമിയർ ലീഗിൽ തിളങ്ങാൻ വയസായ കവാനിക്ക് കഴിയില്ലെന്ന സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി ടീമിനായി ആദ്യ സീസണിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്.
കഠിനാധ്വാന സ്വഭാവവും സ്പിരിറ്റും യുണൈറ്റഡ് ആരാധകരുടെ മനസിനെ കീഴടക്കാനും കവാനിക്ക് സാധിച്ചിരുന്നു. ആദ്യ സീസണിൽ കവാനി 17 ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടിയത്. എന്നാൽ പോയ സീസണിൽ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ കവാനി പിന്തള്ളപ്പെട്ടു. ഒപ്പം താരത്തിന്റെ നിരന്തരമായ പരിക്കും പഴയ വീര്യത്തിലെത്താൻ സാധിക്കാത്തതിൽ മുഖ്യപങ്കാണ് വഹിച്ചത്.
പോരാത്തിന് യുണൈറ്റഡിന്റെ പൊതുവായ മോശം ഫോമും കവാനിക്ക് പ്രശ്നമായി. ജനുവരിയിൽ ബാർസിലോണ കവാനിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പരിശീലകൻ റാൾഫ് റാഗ്നിക്ക് താരത്തെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് ടീമിൽ നിന്നും വിടപറയുന്ന എഡിസൺ ലാലിഗയിലേക്ക് ചേക്കേറുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.






































