Cricket Cricket-International Top News

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് മികച്ച ലീഡ്

July 18, 2022

author:

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് മികച്ച ലീഡ്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് മികച്ച ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് എന്ന നിലയിലാണ്. 86 റണ്‍സുമായി ദിനേശ് ചണ്ഡിമലും നാലു റണ്ണോടെ പ്രഭാത് ജയസൂര്യയുമാണ് ആതിഥേയർക്കായി ക്രീസിലുള്ളത്.

ഒരു വിക്കറ്റ് ശേഷിക്കെ ലങ്കക്ക് ഇപ്പോള്‍ 333 റണ്‍സിന്‍റെ ലീഡാണ് പാകിസ്ഥാന് മേലുള്ളത്. ഇന്ന് മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ലങ്കക്ക് തുടക്കത്തിലെ കസുന്‍ രജിയതുടെ വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഒഷാഡ ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 91 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ടീമിന് തുണയായി.

64 റണ്‍സെടുത്ത ഫെര്‍ണാണ്ടോയെ വീഴ്ത്തി യാസിര്‍ ഷായാണ് കൂട്ടുകെട്ട് പൊളിച്ചത്. മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ (9) മുഹമ്മദ് നവാസ് മടക്കുകയും പിന്നാലെ കുശാല്‍ മെന്‍ഡിസിനെ (76) യാസിര്‍ ഷാ പുറത്താക്കുകയും ചെയ്തതോടെ 178-5 എന്ന നിലയിലേക്ക് തകര്‍ന്നു. ഈ സമയത്താണ് ദിനേശ് ചണ്ഡിമല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് പോരാടിയത്. വാലറ്റത്ത് ധന‍ഞ്ജയ ഡിസില്‍ന(20), നിരോഷന്‍ ഡിക്‌വെല്ല(12), രമേഷ് മെന്‍ഡിസ്(22), മഹീഷ് തീക്ഷണ(11) എന്നിവര്‍ ചണ്ഡിമലിന് മികച്ച പിന്തുണ നല്‍കിയതോടെ ലങ്കയ്ക്ക് 300 കടക്കാനും സാധിച്ചു.

Leave a comment