ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ്
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന് ബെന്‍ സ്റ്റോക്സ്. മൂന്ന് ഫോര്‍മാറ്റിലും തുടരുക അസാധ്യമായിരിക്കുമെന്ന് ഈ വര്‍ഷമാദ്യം സ്റ്റോക്സ് പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും മാത്രമാകും ഇനി തന്റെ പൂര്‍ണ ശ്രദ്ധയെന്ന് വിരമിക്കല്‍ സന്ദേശത്തില്‍ സ്റ്റോക്സ് പറഞ്ഞു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 31കാരനായ സ്റ്റോക്സ് തികച്ചും അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
104 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ച ഓൾറൗണ്ടർ 39.45 ശരാശരിയില്‍ 2919 റണ്‍സ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അതിൽ മൂന്ന് സെഞ്ചുറികളും 21 അര്‍ധസെഞ്ചുറികളും ഏകദിനങ്ങളില്‍ സ്റ്റോക്സിന്റെ പേരിലുണ്ട്. ഏകദിനങ്ങളില്‍ 74 വിക്കറ്റും സ്വന്തമാക്കി. 61 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2011-ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം.
2019 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിക്കുന്നതില്‍ സ്റ്റോക്സ് നിര്‍ണായക പങ്കുവഹിച്ചു. അടുത്തിടെ ജോ റൂട്ടിന് പകരം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകനായി സ്റ്റോക്സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ക്യാപ്റ്റനായി അരങ്ങേറിയ സ്റ്റോക്സ് മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരി. പിന്നീട് ഇന്ത്യക്കെതിരെ നടന്ന ഏക ടെസ്റ്റിലും ജയിച്ച് പരമ്പര സമനിലയിലാക്കി.






































