European Football Foot Ball Top News transfer news

പൗലോ ഡിബാലയെ സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബായ എഎസ് റോമ

July 18, 2022

author:

പൗലോ ഡിബാലയെ സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബായ എഎസ് റോമ

മുൻ യുവെന്റസ് താരം പൗലോ ഡിബാലയെ സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബായ എഎസ് റോമ. മൂന്നുവര്‍ഷത്തെ കരാറിലാണ് താരം റോമയിലെത്തുന്നത്. റോമയുടെ പരിശീലകന്‍ ഹോസെ മൊറീഞ്ഞോയുടെ ആവശ്യപ്രകാരമാണ് അർജന്റീനിയൻ താരത്തെ സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്.

അര്‍ജന്റീനയുടെ മുന്നേറ്റതാരമായ ഡിബാലയെ ഫ്രീ ടാൻസ്‌ഫറിലാണ് റോമ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. യുവെന്റസ് വിട്ട അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാലയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ രംഗത്തുണ്ടായിരുന്നു. മധ്യനിര താരം മിലാനിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ റോമയിലേക്കുള്ള നീക്കം അപ്രതീക്ഷിതമാണ്.

നിരവധി യൂറോപ്യൻ ടീമുകൾ ഡിബാലക്കായി രംഗത്തുണ്ടായിരുന്നെങ്കിലും ഇറ്റലിയിൽ തന്നെ തുടരാനാണ് താരം താത്പര്യം പ്രകടിപ്പിച്ചത്. ഡിബാലയെ ടീമിലെത്തിച്ച വിവരം റോമ വരും ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ജൂണോടുകൂടി അവസാനിക്കുന്ന ഡിബാലയുടെ കരാർ പുതുക്കില്ലെന്ന് യുവെന്റസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഫിയോറെന്റീനയിൽ നിന്നും ദുസൻ വ്ലാഹോവിച്ച് യുവന്റസിൽ എത്തിയതാണ് ഡിബാലയുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുക്കാൻ കാരണമായത്.

ഏഴു വർഷത്തോളമായി ഇറ്റലിയിൽ യുവെന്റസിന്റെ ഭാഗമായിരുന്നു ഡിബാല. 2015ൽ പാർമയിൽ നിന്നും യുവന്റസിലെത്തിയ ഡിബാല ഓൾഡ് ലേഡിയ്ക്കൊപ്പം അഞ്ചു സീരി എ കിരീടങ്ങളിലാണ് മുത്തമിട്ടത്. 283 മത്സരങ്ങളിൽ നിന്നും 113 ഗോളുകൾ യുവെന്റസിന് വേണ്ടി നേടിയിട്ടുള്ള ഡിബാല ഈ സീസണിൽ 13 ഗോളുകളാണ് ടീമിനായി സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലായി 28-കാരൻ പരിക്കുകളാൽ വലയുകയായിരുന്നു.

Leave a comment