പാകിസ്ഥാനെതിരെയും 5 വിക്കറ്റ് നേട്ടം, പുത്തൻ റെക്കോർഡ് സ്വന്തമാക്കി പ്രഭാത് ജയസൂര്യ
പാകിസ്ഥാനെതിരെ ആദ്യ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റ് സ്വന്തമാക്കിയ ശ്രീലങ്കന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ പ്രഭാത് ജയസൂര്യയെ തേടിയെത്തിയിരിക്കുന്നത് അത്യപൂർവമായ ഒരു റെക്കോർഡ്. അരങ്ങേറിയ ഉടന്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്സുകളില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ താരം എന്ന റെക്കോഡാണ് പ്രഭാത് ജയസൂര്യ സ്വന്തം പേരിലാക്കിയിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും ആറ് വീതം വിക്കറ്റ് വീഴ്ത്തിയ ജയസൂര്യ പാകിസ്താനെതിരായ തന്റെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റെടുക്കുകയായിരുന്നു. ഇതോടെ മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് താരത്തിന്റെ വിക്കറ്റ് നേട്ടം 17 ആയി മാറി.
ടെസ്റ്റ് കരിയറിലെ ആദ്യ മൂന്ന് ഇന്നിങ്സുകളിലും അഞ്ചുവിക്കറ്റ് വീതം വീഴ്ത്തുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ മാത്രം താരമാണ് ജയസൂര്യ എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്ഡ്സണ്, ഓസ്ട്രേലിയയുടെ ക്ലാരി ഗ്രിമ്മെറ്റ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങൾ.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഇതിനോടകം ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കാന്‍ താരത്തിന് സാധിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജയസൂര്യ ഇപ്പോള്‍ നടക്കുന്ന പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലും തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെയ്ക്കുന്നത്.






































