വിരാട് കോലിയുടെ റെക്കോഡ് വീണ്ടും തിരുത്തി ബാബർ അസം
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ പുത്തൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് പാകിസ്ഥാന്റെ ബാബർ അസം. അന്താരാഷ്ട്ര മത്സരങ്ങളില്‍ അതിവേഗത്തില്‍ 10000 റണ്‍സ് നേടുന്ന ഏഷ്യന്‍ താരം എന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ വിരാട് കോലിയുടെ റെക്കോഡാണ് താരം മറികടന്നത്.
10000 റണ്‍സിലെത്താന്‍ ബാബറിന് വെറും 228 ഇന്നിങ്‌സുകള്‍ മാത്രമാണ് വേണ്ടിവന്നത്. കോലിയ്ക്ക് ഈ നേട്ടത്തിലെത്താന്‍ 232 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. ആഗോളതലത്തില്‍ അതിവേഗം 10000 റണ്‍സ് നേടുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ ബാബര്‍ അഞ്ചാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഒന്നാമത്.
സമീപകാലത്ത് ഏറ്റവും സ്ഥിരതയുടെ ബാറ്റുവീശുന്ന താരമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ കൂടിയായ ബാബര്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അപാര ഫോമില്‍ കളിക്കുന്ന ബാബര്‍ നിരവധി റെക്കോഡുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. അതിവേഗത്തില്‍ 10000 റണ്‍സ് നേടുന്ന താരമാവാൻ റിച്ചാര്‍ഡ്‌സിന് വെറും 206 ഇന്നിങ്‌സുകള്‍ മാത്രമാണ് വേണ്ടിവന്നത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (217), വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ (220), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (222) എന്നിവരാണ് രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍.






































