ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ആത്മവിശ്വാസ കുറവൊന്നുമില്ലെന്ന് ശ്രീലങ്ക
രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2022 ആതിഥേയത്വം വഹിക്കുന്നതിൽ നല്ല ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കി ശ്രീലങ്കൻ ക്രിക്കറ്റ് (SLC).
35 ദിവസം നീണ്ടുനിന്ന ഉഭയകക്ഷി പരമ്പരയിൽ ശ്രീലങ്ക ഓസ്‌ട്രേലിയയെ വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്ന പശ്ചാത്തലവും ബോർഡ് ചൂണ്ടിക്കാട്ടി. കൂടാതെ ജൂലൈ 16 ശനിയാഴ്ച ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനെയും നേരിടാൻ തയാറെടുക്കുകയാണ് ശ്രീലങ്ക.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞ രംഗത്തെത്തിയത്. രാജ്യത്ത് അരങ്ങേറുന്ന തുടർപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റുന്നതുമായി സംബന്ധിച്ച ആലോചന നടക്കുന്നത്. ശ്രീലങ്കയ്ക്ക് പകരം വേദിയായി ബംഗ്ലാദേശിനെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് വിവരം.
ഇപ്പോഴത്തെ സാഹചര്യത്തിൽ മൾട്ടി നാഷണൽ ടൂർണമെന്‍റ് പ്രശ്നങ്ങളൊന്നുമില്ലാതെ നടത്താൻ പറ്റുമോയെന്നതിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് വ്യക്തതയില്ല. അങ്ങനെയെങ്കിൽ ബംഗ്ലാദേശിലേക്ക് ടൂർണമെന്‍റ് മാറ്റാനാണ് ആലോചിക്കുന്നത്. ടൂർണമെന്‍റ് നടത്താൻ ഒരുങ്ങിയിരിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് സൂചനയും നൽകിയിട്ടുണ്ട്.






































