ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ശ്രീലങ്കയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് അരങ്ങേറുന്ന തുടർപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റുന്നതുമായി സംബന്ധിച്ച ആലോചന നടക്കുന്നത്.
ശ്രീലങ്കയ്ക്ക് പകരം വേദിയായി ബംഗ്ലാദേശിനെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് വിവരം. ഇപ്പോഴത്തെ സാഹചര്യത്തിൽ മൾട്ടി നാഷണൽ ടൂർണമെന്‍റ് പ്രശ്നങ്ങളൊന്നുമില്ലാതെ നടത്താൻ പറ്റുമോയെന്നതിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് വ്യക്തതയില്ല. അങ്ങനെയെങ്കിൽ ബംഗ്ലാദേശിലേക്ക് ടൂർണമെന്‍റ് മാറ്റാനാണ് ആലോചിക്കുന്നത്. ടൂർണമെന്‍റ് നടത്താൻ ഒരുങ്ങിയിരിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് സൂചനയും നൽകിയിട്ടുണ്ട്.
അടുത്ത മാസം 27-ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് വേദിയാകുന്നതിന്‍റെ സന്തോഷത്തിലുമായിരുന്നു ശ്രീലങ്ക. എന്നാൽ രാജ്യത്ത് തുടരുന്ന പ്രക്ഷോഭം എന്നവസാനിക്കുമെന്ന് യാതൊരു ധാരണയുമില്ല. ടൂർണമെന്‍റ് വേദി മാറ്റിയാൽ കോടികളുടെ നഷ്ടം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനുണ്ടാകും. അടുത്തിടെ ഓസ്ട്രേലിയൻ ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു.






































