ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, റഫീഞ്ഞ ഇനി ബാഴ്‌സയുടെ കുപ്പായത്തിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം റഫീഞ്ഞ ഇനി സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിൽ. ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി നിൽക്കുമ്പോൾ താരവുമായുള്ള വ്യക്തിഗത കരാറും മെഡിക്കലും ക്ലബ് പൂർത്തിയാക്കി. 65 മില്യണ്‍ യൂറോയുടെ നല്‍കിയാണ് ലീഡ്‌സില്‍ നിന്ന് താരത്തെ സ്വന്തമാക്കുന്നത്.
58 മില്യണ്‍ ട്രാന്‍സ്ഫര്‍ തുക ആയും ഏഴ് മില്യണ്‍ ആഡ് ഓണ്‍ ആയും ആകും നല്‍കുക. ക്ലബിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ബാഴ്‌സയ്‌ക്കൊപ്പം ചെല്‍സിയും റഫീഞ്ഞയെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നെങ്കിലും സ്പാനിഷ് ടീമിലേക്ക് ചേക്കേറാനാണ് ബ്രസീലിയൻ താത്പര്യം പ്രകടിപ്പിച്ചത്. 2020-ലാണ് റഫീഞ്ഞ ലീഡ്‌സിലെത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോര്‍ച്ചുഗല്‍ ക്ലബായ സ്‌പോര്‍ടിങ് എന്നിവയ്ക്കായും റഫീഞ്ഞ കളിച്ചു. തരംതാഴ്ത്തല്‍ ഭീഷണി മറികടന്ന് ലീഡ്സ് യുണൈറ്റഡിനെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ബ്രസീലിയന്‍ വിംഗര്‍ റഫീഞ്ഞയായിരുന്നു.
വരുന്ന സീസണിന് മുന്നോടിയായി ആക്രമണ നിര ശക്തമാക്കാൻ ശ്രമിക്കുന്ന ചാവിയും സംഘവും അടുത്തതായി സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്കിയെ പടയിലെത്തിക്കാനാണ് ശ്രമം നടത്തുന്നത്. ഫ്രാങ്ക് കെസിയും ആൻഡ്രിയാസ് ക്രിസ്റ്റെൻസണും ഇതിനോടകം തന്നെ ബാഴ്‌സയിലെത്തിയിട്ടുണ്ട്. ജൂൾസ് കൗണ്ടെ, കലിഡൗ കൗലിബാലി, ബെർണാഡോ സിൽവ എന്നീ താരങ്ങളെയും ക്ലബിലെത്തിക്കാൻ ബാഴ്‌സ തയാറെടുക്കുന്നുണ്ട്.






































