ആറാടി ബുംറ, കൂട്ടിന് നിരവധി റെക്കോർഡുകളും പേരിലാക്കി
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റ് നേട്ടവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറയും മൈതാനും വിട്ടത് ഒരുപിടി റെക്കോർഡുകളുമായാണ്. ഇംഗ്ലണ്ടില്‍ വച്ച് ഒരു ഏകദിനത്തില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ഫാസ്റ്റ് ബോളിംഗ് താരമാണ് ബുംറ എന്നതാണ് നേട്ടങ്ങളിൽ ആദ്യത്തേത്.
ഇതോടൊപ്പം ഏകദിന ചരിത്രത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച മൂന്നാമത്തെ ബോളിംഗ് പ്രകടനം എന്ന റെക്കോർഡും ബുംറ സ്വന്തം പേരിൽ കുറിച്ചു. സ്റ്റുവർട്ട് ബിന്നി (6/4), അനില്‍ കുംബ്ലെ (6/12) എന്നിവർ മാത്രമാണ് താരത്തിന് മുന്നിലുള്ളത്. ഇതോടൊപ്പം തന്നെ ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇംഗ്ലണ്ടിലെ മികച്ച ഏകദിന ബോളിംഗ് പ്രകടനങ്ങളില്‍ നാലാം സ്ഥാനത്തെത്താനും ഇന്ത്യന്‍ പേസറിനായി.
2001-ല്‍ ഇംഗ്ലണ്ടിനെതിരെ 36 റണ്ണിന് 7 വിക്കറ്റ് നേടിയ പാക് ബോളർ വഖാർ യൂനിസ് ഒന്നാമതും 1983-ൽ ഓസ്ട്രേലിയക്കെതിരെ 51 റൺശിന് 7 വിക്കറ്റ് നേടിയ വെസ്റ്റ് ഇൻഡീസ് താരം വിന്‍സ്റ്റണ്‍ ഡേവിഡ് രണ്ടാമതും 1975-ല്‍ ഇംഗ്ലണ്ടിനെതിരെ ഓസീസിനായി 14 റണ്ണിന് ആറ് വിക്കറ്റ് നേടിയ ഗാരി ഗില്‍മോറാണ് നിലവിൽ ജസ്പ്രീത് ബുംറയുടെ ഈ നേട്ടത്തിനു മുന്നിൽ നിൽക്കുന്നവർ.






































