റോബർട്ട് ലെവൻഡോസ്കിയുടെ പകരക്കാരനെ കണ്ടെത്തി ബയേൺ
ക്ലബിനോട് വിടപറയാൻ ഒരുങ്ങുന്ന സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ പകരക്കാരനെ കണ്ടെത്തി ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്. നാപോളി സ്ട്രൈക്കർ വിക്ടർ ഒസിംഹെനെ ടീമിലെത്തിച്ച് ഉത്തരം കണ്ടെത്താനാണ് ബുണ്ടസ് ലിഗ ചാമ്പ്യൻമാരുടെ നീക്കം.
ഏകദേശം 100 ദശലക്ഷം യൂറോ മുടക്കിയാലാവും നാപോളി താരത്തെ ബയേണിന് ടീമിലെത്തിക്കാനാവുകയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ എട്ട് സീസണുകളിലായി മ്യൂണിക്കിന്റെ മുന്നേറ്റ നിരയെ സേവിച്ച റോബർട്ട് ലെവൻഡോവ്സ്കി 2014 മുതൽ എല്ലാ മത്സരങ്ങളിലുമായി മൊത്തം 344 ഗോളുകളാണ് അടിച്ചു കൂട്ടിയിരിക്കുന്നത്.
മറുവശത്ത് രണ്ട് വർഷം മുമ്പ് ലില്ലെയിൽ നിന്ന് ക്ലബിൽ എത്തിയ വിക്ടർ ഒസിംഹെൻ നാപ്പോളിക്കായി 51 സീരി എ മത്സരങ്ങളിൽ നിന്നായി 24 ഗോളുകളാണ് നേടിയിരിക്കുന്നത്. ഈ സീസണോടെ ബയേൺ വിടാനൊരുങ്ങുകയാണ് ലെവൻഡോസ്കി. കാറ്റാലൻ ക്ലബായ ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് പോളിഷ് താരം സന്നദ്ധതയറിയിച്ചിരിക്കുന്നത്.






































