രോഹിത് ശർമ്മയ്ക്ക് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമായേക്കും, ക്യാപ്റ്റനായി ബുംറ എത്തിയേക്കും
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമാകുമെന്ന് പുതിയ റിപ്പോർട്ട്. ഇന്ത്യൻ നായകന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറയായിരിക്കും ടീമിനെ നയിക്കുക. രോഹിതിന്റെ അഭാവം ഇന്ത്യൻ ടീമിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. അരക്കെട്ടിനേറ്റ പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന കെഎൽ രാഹുലിന്റെയും അസാന്നിധ്യത്തിൽ മായങ്ക് അർഗവാളിനായിരിക്കും ഓപ്പണിംഗ് ചുമതല.
ഈ വർഷം മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലായിരുന്നു അഗർവാൾ അവസാനമായി കളിച്ചത്. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കർണാടകയ്‌ക്കായും താരം കളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റി വെയ്ക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണില്‍ ഒന്നാം തീയതി ആരംഭിക്കുന്നത്. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയില്‍ ഇന്ത്യയുടെ ലീഡിംഗ് റണ്‍ സ്‌കോറർ കൂടിയാണ് നായകൻ.
പരമ്പരയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റർ രോഹിത് ശർമ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്. അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ 2007-ന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. എന്നാൽ മറുവശത്ത് ഇംഗ്ലണ്ടാവട്ടെ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് എത്തുന്നത്.






































