ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കാൻ എത്തിയേക്കും
ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കാൻ എത്തിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായി താരം ടീമിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും ക്യാമ്പിൽ നിന്നും ഇപ്പോൾ ആശ്വാസകരമായ വാർത്തയാണ് പുറത്തുവരുന്നത്. ഇന്ന് വൈകിട്ട് നടത്തുന്ന കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായാല്‍ താരം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് കളിക്കാനെത്തും.
കളിക്കാനാവില്ലെങ്കില്‍ ക്യാപ്റ്റനെ മാത്രമല്ല ഓപ്പണറേയും ഇന്ത്യ കണ്ടെത്തണമായിരുന്നു. രോഹിത്തിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റി വെയ്ക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണില് ഒന്നാം തീയതി ആരംഭിക്കുന്നത്. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയില്‍ ഇന്ത്യയുടെ ലീഡിംഗ് റണ്‍ സ്കോറർ കൂടിയാണ് നായകൻ.
പരമ്പരയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റർ രോഹിത് ശർമ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്. അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ 2007ന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. എന്നാൽ മറുവശത്ത് ഇംഗ്ലണ്ടാവട്ടെ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് എത്തുന്നത്.






































