ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ടീമിലേക്ക് ഓപ്പണർ മായങ്ക് അഗർവാളിനെ ഉൾപ്പെടുത്തി ഇന്ത്യ
രോഹിത് ശർമ്മയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ ഓപ്പണർ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ രോഹിത്ത് ഉണ്ടാവുമോ എന്ന ആശങ്കകൾക്കിടയിലാണ് മായങ്ക് അഗർവാളിന്റെ കടന്നുവരവ്.
ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും എന്ന് ബിസിസിഐ അറിയിച്ചു. എങ്കിലും നായകനായി താരം മടങ്ങിയെത്തിയേക്കുമെന്ന ചെറിയ സൂചനയും ലഭിക്കുന്നുണ്ട്. മറിച്ച് രോഹിത്തിന് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ അഗർവാളിന് പ്ലെയിംഗ് ഇലവനിൽ ഓപ്പണിംഗ് ബാറ്ററായി ഇടം കണ്ടെത്താനായേക്കും.
കെഎൽ രാഹുലും പരിക്കിന്റെ പിടിയിലായതാണ് മായങ്കിനുള്ള സാധ്യത കൂടുതൽ തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റി വെയ്ക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണില് ഒന്നാം തീയതി ആരംഭിക്കുന്നത്. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്.






































