നായകന്‍ രോഹിത് ശര്‍മയ്ക്ക് കൊവിഡ്, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്‌ടമായേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് തുടങ്ങാന്‍ നാല് ദിവസം മാത്രം അവശേഷിക്കേ ഈ വാർത്ത കനത്ത ആശങ്കയാണ് ഇന്ത്യൻ ക്യാമ്പിന് നൽകുന്നത്.
ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും എന്ന് ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ടിനെതിരെ ജൂലായ് ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് കളിക്കാനുള്ള സാധ്യത ഇതോടെ മങ്ങി. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റി വെയ്ക്കപ്പെട്ട അവസാന ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണില്‍ ഒന്നാം തീയതി ആരംഭിക്കുന്നത്. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്.
പരമ്പരയില്‍ ഇന്ത്യയുടെ ലീഡിംഗ് റണ്‍ സ്‌കോററായ രോഹിത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാണ്. പരമ്പരയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റർ രോഹിത് ശർമ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്. അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ 2007ന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.
അതേസമയം രോഹിത്തിന്റെ അഭാവത്തില്‍ ആരായിരിക്കും ടീമിനെ നയിക്കുകയെന്നതും നിര്‍ണായകമാണ്. ആദ്യ നാല് ടെസ്റ്റുകളില്‍ ടീമിനെ നയിച്ച അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോലിയോ അല്ലെങ്കില്‍ ഇപ്പോഴത്തെ ഉപനായകന്‍ റിഷഭ് പന്തോ ആകും രോഹിത്ത് കളിച്ചില്ലെങ്കില്‍ ടീമിനെ നയിക്കുക.






































