വൈനാൽഡത്തെ കൈവിടാനൊരുങ്ങി പിഎസ്‌ജി
വെറും ഒരു സീസണിന് ശേഷം ജോർജിഞ്ഞോ വൈനാൽഡത്തെ ക്ലബ്ബ് വിടാൻ പിഎസ്‌ജി അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് ക്ലബ്ബായ ലില്ലെയുടെ പോർച്ചുഗീസ് താരം റെനറ്റോ സാഞ്ചസിനെ ടീമിലെത്തിക്കാൻ പിഎസ്‌ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ആയ ലൂയിസ് ക്യാമ്പോസിന് താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വൈനാൽഡത്തെ ഒഴിവാക്കാനുള്ള സാധ്യതകൾ ക്ലബ് തേടുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂളിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിനു ഫ്രഞ്ച് വമ്പന്മാർക്കൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞ സീസണിൽ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിലാണ് താരം ഫ്രഞ്ച് വമ്പന്മാർക്ക് വേണ്ടി ബൂട്ടണിഞ്ഞത്. അതിൽ 19 മത്സരങ്ങളിൽ മാത്രമായിരുന്നു താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്.
ഇറ്റലി, സ്‌പെയ്ൻ, ജർമനി എന്നിവടങ്ങളിൽ നിന്ന് വൈനാൽഡത്തിന് ആവശ്യക്കാരുണ്ടെങ്കിലും, ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതാണ് താരത്തിന്റെ ചിന്തകളിൽ മുൻപന്തിയിലുള്ളത്. ജോർജിഞ്ഞോ വൈനാൽഡത്തിനെ ടീമിലെത്തിക്കാൻ എവർട്ടൺ താത്പര്യം പ്രകടിപ്പിച്ചെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.






































