ഇന്റർ മിലാൻ പ്രതിരോധ താരം മിലൻ സ്‌ക്രിനിയർ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സമ്മതം മൂളി
ഇന്റർ മിലാൻ പ്രതിരോധ താരം മിലൻ സ്‌ക്രിനിയർ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സമ്മതം മൂളിയതായി റിപ്പോർട്ട്. വരുന്ന സീസണിൽ ബ്രസീലിയൻ താരം മാർക്വീനോസിനൊപ്പം ഡിഫെൻസിൽ സ്ലോവാക്യൻ താരത്തെ അണിനിരത്താനാണ് ഫ്രഞ്ച് ക്ലബിന്റെ പുതിയ നീക്കം. സെർജിയോ റാമോസും കിംബംപെയും ഇതിനോടകം തന്നെ ടീമിലുണ്ടെങ്കിലും സ്‌ക്രിനിയറിനെ പോലൊരു താരത്തെ പിഎസ്‌ജിക്ക് ആവശ്യമായുണ്ട്.
അറുപതു മില്യൺ യൂറോയാണ് താരത്തിനായി പിഎസ്‌ജി വാഗ്‌ദാനം ചെയ്യുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലുള്ള ഇന്റർ മിലാൻ എൺപതു മില്യനാണ് ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസി, ടോട്ടനം ഹോട്സ്പർ എന്നിവരും താരത്തിനായി രംഗത്തുണ്ടെങ്കിലും മിലൻ സ്‌ക്രിനിയറിന് ഫ്രഞ്ച് ക്ലബിലേക്ക് ചേക്കേറാനാണ് താത്പര്യം.
പാർക്ക് ഡെസ് പ്രിൻസസിൽ ആഴ്ചയിൽ 125,000 പൗണ്ട് സാലറിയിൽ അഞ്ച് വർഷത്തെ കരാറിൽ സ്‌ക്രിനിയർ ഒപ്പുവെക്കാനും തയാറാണ്. ഇന്റർ മിലാനായി 215 മത്സരങ്ങൾ കളിച്ച പരിചയ സമ്പത്തുമായാണ് സ്ലോവാക്യൻ താരം പിഎസ്‌ജിയിലേക്ക് ചേക്കേറുക.






































