ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇംഗ്ലീഷ് ബോളർ കാതറിൻ ബ്രണ്ട്
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇംഗ്ലീഷ് വനിതാ ബോളർ കാതറിൻ ബ്രണ്ട്. കഴിഞ്ഞ രണ്ട് വർഷമായി വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത തന്റെ മനസിൽ ഉണ്ടെന്നും അതിനാൽ വൈകാരികമായ തീരുമാനത്തേക്കാൾ മികച്ച തീരുമാനമെടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിരമിക്കൽ പ്രഖ്യാപനത്തിൽ താരം പറഞ്ഞു.
2004-ലാണ് ബ്രണ്ട് ഇംഗ്ലണ്ടിനായി തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. 42 വർഷത്തിന് ശേഷം ആദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ ആഷസ് പരമ്പര നേടിയതിലും കാതറിൻ ബ്രണ്ട് പങ്കാളിയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 51 വിക്കറ്റ് നേട്ടമാണ് താരത്തിന്റെ പേരിലുള്ളത്. 2003 ന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ആദ്യ ചതുർദിന മത്സരത്തിലും ബ്രണ്ട് ഉണ്ടാവില്ല. 36 കാരിയായ ബ്രണ്ട്, 18 വർഷത്തെ കരിയറിൽ 14 ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലെ മത്സരങ്ങളുടെ അഭാവം കാരണമാണ് താരം ഇത്രയും കുറവ് മത്സരങ്ങൾ കളിച്ചത്.






































