റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി ബാഴ്‌സ
ബയേൺ മ്യൂണിക്ക് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ. പോളിഷ് താരത്തിനായി ബാഴ്‌സ 32 മില്യൺ യൂറോയും അഞ്ചു മില്യൺ യൂറോയുടെ ആഡ് ഓണുകളും അടങ്ങിയ കരാറാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. എന്നാൽ തങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാളായ ലെവൻഡോസ്‌കിയെ വിട്ടു നൽകാൻ 50 മില്യൺ യൂറോയാണ് ജർമൻ ചാമ്പ്യൻമാർ ആവശ്യപ്പെടുന്നത്.
ബയേൺ വിടണമെന്ന ആഗ്രഹം ബയേൺ സ്‌ട്രൈക്കർ നിരവധി തവണ പ്രകടിപ്പിച്ചെങ്കിലും അതിനോട് അനുകൂലമായ പ്രതികരണം ഇതുവരെ ബാഴ്‌സലോണ നടത്തിയിരുന്നില്ല. എന്നാൽ സ്പാനിഷ് ടീമിലേക്ക് മാത്രം കൂടുമാറ്റം നടത്താനാണ് ലെവൻഡോസ്‌കിയുടെ തീരുമാനം. അതിനാൽ താരത്തെ അനായാസം ടീമിലെത്തിക്കാമെന്നാണ് പരിശീലകൻ ചാവിയുടെയും ക്ലബിന്റെയും അനുമാനം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം മുപ്പത്തിമൂന്നു വയസുള്ള താരത്തിനു വേണ്ടി അത്രയും തുക മുടക്കാൻ ബാഴ്‌സലോണ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് നിലവിലെ ഓഫർ ക്ലബ് നൽകിയത്.