ഡാനി ആല്‍വസ് രണ്ടാമതും ബാഴ്സ വിടുന്നു, കരാർ പുതുക്കില്ലെന്ന് ക്ലബ്
ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച പ്രതിരോധ താരമായ ബ്രസീലിന്റെ ഡാനി ആല്‍വസ് രണ്ടാമതും ക്ലബ്ബ് വിടുന്നു. 39 കാരനായ ആല്‍വസ് ക്ലബുമായി കരാര്‍ പുതുക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് താരം പുതിയ ക്ലബുതേടാൻ ഒരുങ്ങുന്നത്. 2021 നവംബറിലാണ് ആല്‍വസ് വീണ്ടും ബാഴ്സലോണയിലേക്ക് ചേക്കേറുന്നത്. ഒരു വര്‍ഷത്തേക്കായിരുന്നു കരാറെങ്കിലും കാറ്റലൻ ക്ലബിന്റെ നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് ആൽവസുമായി വേർപിരിയാൻ ഒരുങ്ങുന്നത്.
2008-ല്‍ ആദ്യമായി ബാഴ്സയിലെത്തിയ ആല്‍വസ് 2016 വരെ ടീമിന്റെ സജീവസാന്നിധ്യമായിരുന്നു. പിന്നീട് 2016-ല്‍ ബാഴ്സ വിട്ട് യുവെന്റിസിലേക്കും അവിടുന്ന് പിഎസ്ജിയിലേക്കും ചേക്കേറി. പിന്നീട് ബ്രസീലിലേക്ക് മടങ്ങിയ ആൽവസ് കഴിഞ്ഞ സീസണില്‍ ബാഴ്സലോണ ലാ ലിഗയില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ താരത്തിനെ വീണ്ടും ടീം സ്വന്തമാക്കുകയായിരുന്നു.
ബാഴ്സലോണയ്ക്ക് വേണ്ടി 408 മത്സരങ്ങളില്‍ കുപ്പായമണിയാന്‍ താരത്തിന് സാധിച്ചു. ബാഴ്സയ്ക്കൊപ്പം ആറ് ലാ ലിഗ കിരീടവും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടവും നാല് കോപ്പ ഡെല്‍ റേ കിരീടവും നേടാന്‍ ആല്‍വസിന് കഴിഞ്ഞു. ബാഴ്സയില്‍ നിന്ന് ഏത് ക്ലബ്ബിലേക്കാണ് ആല്‍വസ് ചേക്കേറുന്നത് എന്ന് വ്യക്തമല്ല.