പരിക്കുമൂലം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സ്റ്റോയിനിസും അഗറും പുറത്ത്
പരിക്കേറ്റ മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ എന്നിവർ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന്റെ മികവിൽ ശ്രീലങ്കയ്ക്കെതിരെ പല്ലെകെല്ലെയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ സ്റ്റോയിനിസിന്റെയും അഗറിന്റെയും അസാന്നിധ്യം തിരിച്ചടിയായേക്കും.
ബാറ്റിംഗ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനും ഒന്നാം ഏകദിനത്തിൽ പരിക്കേറ്റ സ്പിന്നർ ആഷ്ടൺ അഗറിനും പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല. പരിക്കുമൂലം മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൺ, സീൻ ആബട്ട് എന്നിവരുടെ സേവനവും ഓസീസ് നിരയിലില്ലായിരുന്നു.
നിലവിൽ ഓസ്ട്രേലിയ എയെ പ്രതിനിധീകരിക്കുന്ന ട്രാവിസ് ഹെഡും മാത്യു കുഹ്നെമാനും മാർക്കസ് സ്റ്റോയിനിസിനും ആഷ്ടൺ അഗറിനും പകരക്കാരായി ഓസീസ് ക്യാമ്പിലേക്ക് എത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.






































