അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടംനേടിയതാണ് ശ്രദ്ധേയം.യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജൂണ്‍ 26, 28 തീയ്യതികളിലായാണ് ഇന്ത്യ-അയര്‍ലന്‍ഡ് മത്സരം നടക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിന് പോവുന്ന റിഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു സാംസണ് ടീമിലെത്തുന്നത്. പന്ത് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിലിടം നേടിയതോടെയാണ് സഞ്ജുവിന് വഴിതുറന്നുകിട്ടിയത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ പന്താണ് ഇന്ത്യയുടെ ക്യാപ്റ്റൻ. പന്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിനെ നയിക്കാനുള്ള അവസരവും വീണുകിട്ടി.
സഞ്ജുവിന് പുറമേ ഇഷാന് കിഷന്, ദിനേശ് കാര്‍ത്തിക്ക് എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ടീമിലുണ്ട്. സഞ്ജുവിന് പുറമേ ഇതുവരെ ഇന്ത്യന്‍ ടീമിലിടം ലഭിക്കാത്ത രാഹുല്‍ ത്രിപാഠിയും അവസരം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തുന്നതും അയർലൻഡ് പര്യടനത്തിന്റെ പ്രത്യേകതയാണ്.
ടീം ഇന്ത്യ: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന് കിഷന്, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്ക്, യൂസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയി, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, അര്‍ഷ്ദീപ് സിങ്, ഉമ്രാന് മാലിക്.






































