മൂന്നാം ടി20-യിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ
ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 48 റണ്‍സിന് തകര്‍ത്ത് പ്രതീക്ഷ നിലനിർത്തി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നിങ്കിലും ഇന്നത്തെ ജയം ആശ്വാസം പകരും. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. 180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് കളിയാരംഭിച്ചതെങ്കിലും പവര്‍ പ്ലേയിലെ നാലാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയെ (8) പുറത്താക്കി അക്സര്‍ പട്ടേൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി.
ബവൂമയ്ക്ക് പകരം റീസ ഹെന്‍ഡ്രിക്‌സിന് കൂട്ടായി ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ പ്രിട്ടോറിയസ് ക്രീസിലെത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഹെന്‍ഡ്രിക്കസിനെ (23) മടക്കി സന്ദർശകരെ സമ്മർദ്ദത്തിലാഴ്‌ത്താൻ ഇന്ത്യൻ ബോളർമാർക്കായി. പിന്നാലെ വന്ന റാസി വാന്‍ ഡെര്‍ ഡ്യൂസനെ പെട്ടെന്ന് ഗ്യാലറിയിലെത്തിയതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു.
പിന്നീട് ക്രീസിലെത്തിയ ക്ലാസനും മില്ലറും വിജയത്തിലേക്ക് നയിക്കുമെന്ന കരുതിയെങ്കിലും മില്ലര്‍ക്കും അടിതെറ്റിയതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി മാറി. എങ്കിലും പ്രോട്ടീസിന് പ്രതീക്ഷ നൽകി ഒരറ്റത്ത് ക്ലാസൻ പിടിച്ചു നിന്നു. 24 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ക്ലാസനെ 15-ാം ഓവറിൽ പുറത്താക്കി ചാഹൽ കളിവരുതിയിലാക്കി.
പിന്നാലെയെത്തിയ കഗിസോ റബാഡ (9) കേശവ് മഹാരാജ് (11), ആന്റിച്ച് നോര്‍ക്യെ (0), തബ്‌റൈസ് ഷംസി (0) എന്നിവര്‍ അതിവേഗം കൂടാരം കയറി. പാര്‍നെല്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നെങ്കിലും ജയത്തിലേക്ക് അടുപ്പിക്കാൻ താരത്തിനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ നാലുവിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.