ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 180 റൺസ് വിജയലക്ഷ്യം, മറുപടി ബാറ്റിംഗിൽ തകർച്ചയോടെ സന്ദർശകർ
മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 180 റണ്‍സ് വിജയലക്ഷ്യം പടുത്തുയർത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദിന്റെയും ഇഷാന് കിഷന്റെയും ഇന്നിംഗ്സാണ് മാന്യമായ സ്കോർ സമ്മാനിച്ചത്.
ഒരു ഘട്ടത്തില്‍ ഇന്ത്യ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര താളം കണ്ടെത്താതായതോടെയാണ് 179 ലേക്ക് ചുരുങ്ങിയത്. 35 പന്തില്‍ 57 റണ്‍സടിച്ച ഗെയ്ക്വാദും 35 പന്തില്‍ 54 റണ്‍സടിച്ച കിഷനും ഇന്ത്യക്ക് ഗംഭീര തുടക്കമാണ് സമ്മാനിച്ചതെങ്കിലും ശ്രേയസ് അയ്യര്‍ (14), റിഷഭ് പന്ത് (6), ദിനേശ് കാർത്തിക് (6) എന്നിവരുടെ മോശം പ്രകടനം ഇന്നിംഗ്സിനെ ബാധിച്ചു. 21 പന്തിൽ നിന്നും 31 റൺസടിച്ച് ഉപനായകൻ ഹാർദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചത്.
അതേ സമയം മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക് പതറുകയാണ്. നാലാം ഓവറിൽ നായകൻ ടെമ്പ ബാവുമയെ പുറത്താക്കി അക്സർ പട്ടേലാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്. പിന്നാലെ റീസ ഹെൻറിക്സും (23) റാസി വാൻ ഡെർ ഡസനെയും (1) സന്ദർശകരുടെ പ്രതീക്ഷയായ ഡ്വെയ്ൻ പ്രിട്ടോറിയസിനെയും (20) മടക്കി യുസ്വേന്ദ്ര ചാഹൽ പ്രതിരോധ കോട്ട തീർത്തിരിക്കുകയാണ്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ 10 ഓവർ പിന്നിട്ട ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലാണ്. 7 റൺസെടുത്ത ക്ലാസനും 1 റൺസെടുത്ത മില്ലറുമാണ് ക്രീസിൽ