പൗലോ ഡിബാല ഇന്റർ മിലാനിലേക്ക്, മൂന്നു വർഷത്തെ കരാറിൽ ധാരണ
യുവെന്റസ് വിട്ട അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാലയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ രംഗത്ത്. മൂന്ന് വർഷത്തെ കരാറിൽ ഇന്ററിലേക്ക് കൂടുമാറ്റം നടത്താൻ താരം ധാരണയായതായാണ് റിപ്പോർട്ടുകൾ. നിരവധി യൂറോപ്യൻ ടീമുകൾ ഡിബാലക്കായി രംഗത്തുണ്ടായിരുന്നെങ്കിലും ഇറ്റലിയിൽ തന്നെ തുടരാനാണ് താരം താത്പര്യം പ്രകടിപ്പിച്ചത്.
ജൂണോടുകൂടി അവസാനിക്കുന്ന ഡിബാലയുടെ കരാർ പുതുക്കില്ലെന്ന് യുവെന്റസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഫിയോറെന്റീനയിൽ നിന്നും ദുസൻ വ്ലാഹോവിച്ച് യുവന്റസിൽ എത്തിയതാണ് ഡിബാലയുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുക്കാൻ കാരണമായത്.
ഏഴു വർഷത്തോളമായി ഇറ്റലിയിൽ യുവെന്റസിന്റെ ഭാഗമായിരുന്നു ഡിബാല. 2015ൽ പാർമയിൽ നിന്നും യുവന്റസിലെത്തിയ ഡിബാല ഓൾഡ് ലേഡിയ്ക്കൊപ്പം അഞ്ചു സീരി എ കിരീടങ്ങളിലാണ് മുത്തമിട്ടത്. 283 മത്സരങ്ങളിൽ നിന്നും 113 ഗോളുകൾ യുവെന്റസിന് വേണ്ടി നേടിയിട്ടുള്ള ഡിബാല ഈ സീസണിൽ 13 ഗോളുകളാണ് ടീമിനായി സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലായി 28-കാരൻ പരിക്കുകളാൽ വലയുകയായിരുന്നു.