ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 149 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോററെങ്കിലും 21 പന്തില്‍ 30 റണ്‍സുമായി അവസാന രണ്ടോവറില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ ചെറിയ സ്‌കോറിനുള്ളില്‍ ഒതുക്കിയത്. ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ റുതുരജാജ് ഗെയ്ക്‌വാദിനെ (1) നഷ്ടമായി. രണ്ടാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരിനെ കാഴ്ച്ചക്കാരനാക്കി ഇഷാന്‍ കിഷന്‍ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നു. എന്നാല്‍ ഏഴാം ഓവറിലെ നാലാം പന്തില്‍ കിഷനെ മടക്കി ആന്റിച്ച് നോര്‍ക്യെ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു.
രണ്ടാം വിക്കറ്റില്‍ ശ്രേയസ്‍ അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനാണ് പവര്‍ പ്ലേയില്‍ ഇന്ത്യയെ കാത്തത്. 21 പന്തില്‍ 34 റണ്‍സെടുത്ത കിഷന്‍ രണ്ട് ഫോറും മൂന്ന് സിക്സും പറത്തിയാണ് പുറത്തായത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് കരുതലോടെയാണ് തുടങ്ങിയതെങ്കിലും സ്കോർ കണ്ടെത്താനിയില്ല. 7 പന്തിൽ 5 റൺസെടുത്ത് പന്ത് മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി.
പന്തിന് പകരം വന്ന ഹാര്‍ദിക്കും നിരാശപ്പെടുത്തി. 12 പന്തില്‍ നിന്ന് ഒന്‍പത് റണ്‍സ് മാത്രമെടുത്ത ഹാര്‍ദികിനെ മികച്ച പന്തിലൂടെ വെയ്ന്‍ പാര്‍നെല്‍ ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 100 കടക്കും മുമ്പെ പാണ്ഡ്യയും(9), പ്രതീക്ഷ നല്‍കിയ ശ്രേയസ് അയ്യരും 35 പന്തില്‍ 40) മടങ്ങിയതോടെ ഭേദപ്പെട്ട സ്കോറെന്ന ഇന്ത്യന്‍ പ്രതീക്ഷയും മങ്ങി. തുടക്കത്തില്‍ തകര്‍ത്തടിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനും കഴിയാതെ വന്നതോടെ ഇന്ത്യ ചെറിയ സ്കോറിലേക്ക് ഒതുങ്ങുമെന്ന് കരുതി.
എന്നാല്‍ നോര്‍ക്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 12 റണ്‍സും പ്രിട്ടോറിയസ് എറിഞ്ഞ ഇരുപതാം ഓവറില്‍ 18 റണ്‍സും അടിച്ച് കാര്‍ത്തിക് ഇന്ത്യയെ 148ല്‍ എത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്യെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കഗിസോ റബാദ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.