ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ശ്രീലങ്ക
ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്കായി അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും ചാമിക കരുണരത്നെയും പുറത്തെടുത്ത മിന്നും പ്രകടനമാണ് ജയം സമ്മാനിച്ചത്.
ഇന്നു നടന്ന മത്സരത്തിൽ ശ്രീലങ്ക ജയിച്ചെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ 2-1ന് ടി20 പരമ്പര സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി ഡേവിഡ് വാര്‍ണര്‍ (39), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (29), സ്റ്റീവ് സ്മിത്ത് (37), മാർക്കസ് സ്റ്റോയ്നിസ് (38) എന്നിവരുടെ ബാറ്റിംഗ് മികവാണ് മികച്ച സ്കോർ പടുത്തുയർത്താൻ സഹായകരമായത്.
മറുപടി ബാറ്റിംഗിൽ ലങ്കയ്ക്ക് കാര്യങ്ങൾ അത്ര മികച്ചതായിരുന്നില്ലെങ്കിലും ചെറിയ സംഭാവനകൾ ബാറ്റ്സ്മാൻമാർ നൽകിയതോടെ ജയം അരികിലുണ്ടായിരുന്നു. എന്നാൽ ടീമിന് വിജയത്തിലെത്താൻ നാല് വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 59 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവിടുന്നാണ് അവിശ്വസനീയ പ്രകടനവുമായി നായകൻ ഷനകയും ചാമിക കരുണരത്നെയും ലങ്കയെ കൈപിടിച്ചുയർത്തിയത്.
ജോഷ് ഹേസല്‍വുഡ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും പറത്തി 22 റണ്‍സടിച്ച ഷനക ജെയ് റിച്ചാര്‍ഡ്സന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 18 റണ്‍സടിച്ചു. ഇതോടെ അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സെന്ന ലക്ഷ്യത്തിലെത്തി ലങ്ക. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും വൈഡായതോടെ ആറു ബോളിൽ ജയിക്കാൻ 17 റൺസ് എന്ന നിലയിലായിരുന്നു.
പിന്നീട് രണ്ട് ഫോറും ഒരു സിക്സും പറത്തി ഷനക ജയം ഉറപ്പിച്ചു. ഷനക 25 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കരുണരത്നെ 10 പന്തില്‍ 14 റണ്‍സെടുത്തു.