കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ലങ്കൻ ടീമിന് പിഴ ശിക്ഷ വിധിച്ച് ഐസിസി
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി പരമ്പര നഷ്‌ടപ്പെട്ട ശ്രീലങ്കയ്ക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ശിക്ഷയും വിധിച്ച് ഐസിസി. ജൂൺ എട്ടിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റാണ് ലങ്കൻ ടീമിന് തിരിച്ചടിയായത്.
ക്യാപ്റ്റന് പുറമെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന കളിക്കാർക്ക് അവരുടെ മാച്ച് വരുമാനത്തിന്റെ 40 ശതമാനത്തോളമാണ് പിഴ ഒടുക്കേണ്ടി വരിക. അതേസമയം തുടർച്ചയായ മൂന്ന് ടി20 പരമ്പരയാണ് ശ്രീലങ്ക കൈവിടുന്നത്. ജൂൺ 11 ന് കാൻഡിയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ടി20 യിൽ ശ്രീലങ്ക ആശ്വാസ ജയം ലക്ഷ്യമാക്കിയാവും ഇറങ്ങുക.
ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പരമ്പരയ്ക്കായാണ് ലങ്കൻ പര്യടനത്തിന് എത്തിയിരിക്കുന്നത്.