അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അയർലൻഡ് താരം പീറ്റർ ചേസ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അയർലൻഡ് താരം പീറ്റർ ചേസ്. നീണ്ട എട്ടു വർഷത്തെ കരിയറിന് 28-ാം വയസിലാണ് താരം അവസാനം കുറിക്കുന്നത്. 2014 ൽ ശ്രീലങ്ക എയ്‌ക്കെതിരായ ഒരു ലിസ്റ്റ് എ മത്സരത്തിലാണ് അയർലൻഡിനായി ചേസ് അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്.
അയർലൻഡിനായി 43 മത്സരങ്ങളിലാണ് ഐറിഷ് കുപ്പായം ധരിച്ചിരിക്കുന്നത്. 2018-ൽ തന്റെ ഹോം ക്ലബ് ഗ്രൗണ്ടായ മലാഹൈഡിൽ നടന്ന ഒരു ടി20 മത്സരത്തിൽ ടീം ഇന്ത്യയ്ക്കെതിരെ അവിസ്മരണീയമായ പ്രകടനവും പീറ്റർ ചേസ് കാഴ്ച്ചവെച്ചിരുന്നു. അന്ന് 60 റൺസെടുത്ത താരം 4-35 എന്ന മികച്ച ബോളിംഗ് പ്രകടനവും പുറത്തെടുത്തു.
കഴിഞ്ഞ ഒമ്പത് വർഷമായി ഇന്റർ-പ്രൊവിൻസ് പരമ്പരയിൽ ആധിപത്യം പുലർത്തിയ ലെയിൻസ്റ്റർ ലൈറ്റ്‌നിംഗ് ടീമിലെ സ്ഥിരം അംഗമായിരുന്നു ചേസ്. കൂടാതെ ഡർഹാം കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായും കളിച്ചിട്ടുള്ള ചേസ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റവും നടത്തിയാണ് ക്രിക്കറ്റിനോട് വിടപറയുന്നത്. നോട്ടിംഗ്ഹാംഷെയറിനെതിരായ അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ 2014 ഓഗസ്റ്റിൽ കൗണ്ടി ടീമിനായി മൂന്ന് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയും ശ്രദ്ധനേടിയിട്ടുണ്ട്.






































