പാകിസ്ഥാൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ കീമോ പോളിനെ ഉൾപ്പെടുത്തി വെസ്റ്റ് ഇൻഡീസ്
പാകിസ്ഥാൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ കീമോ പോളിനെ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ആഭ്യന്തര മത്സരത്തിലെ കിടിലൻ പ്രകടനമാണ് താരത്തെ തിരിച്ച് ടീമിലേക്ക് വിളിക്കാൻ കാരണമായത്. വിൻഡീസ് ഫാസ്റ്റ് ബോളർമാരിൽ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ താരത്തിന് പാക് പരമ്പരയിലെ നിർണായക സാന്നിധ്യമാവാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
2020 ഫെബ്രുവരിയിലാണ് കീമോ പോൾ അവസാനമായി ഏകദിനം കളിച്ചത്. അടുത്തിടെ നെതർലാൻഡിനെതിരെ കളിച്ച ടീമിന്റെ ഭാഗമായിരുന്നില്ല താരം. ഐസിസി ഏകദിന സൂപ്പർ ലീഗിന്റെ ഭാഗമായ മൂന്ന് ഏകദിനങ്ങളും വെസ്റ്റ് ഇൻഡീസ് മുള്ട്ടാനിൽ ജൂൺ എട്ടിനാണ് ആരംഭിക്കുക.
വെസ്റ്റ് ഇൻഡീസിനായി ഇതുവരെ 19 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള കീമോ പോൾ 38.30 ശരാശരിയിൽ 23 വിക്കറ്റുകളാണ് നേടിയിരിക്കുന്നത്. അതേസമയം 20 ടി20 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റും വിൻഡീസിനായി താരം നേടിയിട്ടുണ്ട്. മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച പോൾ 31.50 ശരാശരിയിൽ 6 വിക്കറ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.






































