ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വനിതാ താരം മിതാലി രാജ്
വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരവും മുൻ ക്യാപ്റ്റനുമായ മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. 23 വർഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്.
എല്ലാവരുടേയും പിന്തുണയ്‌ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്കായി 12 ടെസ്റ്റും 232 ഏകദിനങ്ങളും 89 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയെ നയിച്ച മിതാലി ഏകദിന ഫോർമാറ്റിൽ ഏറ്റവും ഉയർന്ന റൺസ് സ്കോററുമാണ്.
7805 റൺസ്. ഇതിൽ ഏഴ് സെഞ്ച്വറിയും 64 അർദ്ധസെഞ്ച്വറിയും ഉൾപ്പെടും. ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഡബിൾ സെഞ്ച്വറി അടിച്ച ഏകതാരവും മിതാലി രാജ് ആണ്. അർജുന, പത്മശ്രീ, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മിതാലിയുടെ വിരമിക്കലോടെ വനിതാ ക്രിക്കറ്റിലെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2017 ലോകകപ്പില്‍ ഫൈനലിലെത്തിയിരുന്നതും നേട്ടമായിരുന്നു.