നാഷൻസ് ലീഗിലെ ആദ്യ ജയത്തിനായി ഫ്രഞ്ച് – ക്രോയേഷ്യൻ പോരാട്ടം
തോൽവിയോടെ യുവേഫ നാഷൻസ് ലീഗ് തുടങ്ങിയ ഫ്രാൻസും ക്രോയേഷ്യയും ഇന്ന് നേർക്കുന്നേർ.വെള്ളിയാഴ്ച രാത്രി സ്ലാറ്റ്‌കോ ഡാലിക്കിന്റെ ടീമിനെ ഓസ്ട്രിയ 3-0ന് തോൽപിച്ചപ്പോൾ ബ്ലൂസിനെ ഡെന്മാർക്ക് അവരുടെ സ്വന്തം തട്ടകത്തിൽ 2-1ന് തകർത്തു.2018 ലോകകപ്പ് ഫൈനലിന്റെ തനി ആവർത്തനം ആയ മൽസരം നടക്കാൻ പോകുന്നത് ക്രോയേഷ്യൻ മണ്ണായ പോൾജൂഡിൽ വെച്ചാണ്.ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടെക്കാലിന് ആണ് മൽസരം.

തുടർച്ചയായ ഒൻപത് മൽസരങ്ങൾ തോൽവി അറിയാതെ മുന്നേറിയ ക്രോയേഷ്യ ഓസ്ട്രിയക്കു മുന്നിൽ നല്ല പോലെ പരീക്ഷണം നേരിട്ടു.ശേഷിക്കുന്ന ഡെൻമാർക്ക്,ഫ്രാൻസ് ടീമുകൾക്ക് മുന്നിൽ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക എന്നത് ക്രൊയേഷ്യയ്ക്ക് ബാലികേറാമല ആയിരിക്കും.തന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് ക്യാമ്പ് വിട്ട ദിദിയർ ദെഷാംപ്‌സിന്റെ അഭാവത്തിൽ ആണ് ഫ്രാൻസ് ഡെന്മാർക്കിനെ നേരിട്ടത്.വെള്ളിയാഴ്ച രാത്രി പരിക്കേറ്റ വരാനെയും എംബാപ്പെയും ഇന്നത്തെ മൽസരത്തിന് ഉണ്ടാകില്ല.