ചെൽസിയുടെ എൻഗോലോ കാന്റെയെ ടീമിലെത്താൻ താത്പര്യവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
ചെൽസിയുടെ എൻഗോലോ കാന്റെയെ ടീമിലെത്താൻ താത്പര്യവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ എറിക് ടെൻ ഹാഗിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഒരു ഡിഫെൻസീവ് മിഡ്ഫീൽഡറെ ടീമിലെത്തിക്കുക എന്നത്. പുതിയ പരിശീലകന്റെ പദ്ധതികളിൽ ചെൽസി സൂപ്പർ താരം കാന്റെക്ക് വലിയ റോളുണ്ടെന്നാണ് വിവരം.
ലെസ്റ്റർസിറ്റിയെ പ്രീമിയർ ലീഗ് നേടുന്നതിലും ചെൽസിയെ ചാമ്പ്യൻസ് ലീഗ് നേടുന്നതിലും പ്രധാന പങ്ക് വഹിച്ച താരമാണ് കാന്റെ.എന്നാൽ താരത്തെ വിട്ടുനൽകാൻ ചെൽസി തയാറായേക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സ്റ്റാംഫോർഡ് ബ്രിഡ്ജ് ടീമിനായി 259 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുള്ള ഫ്രഞ്ച് മധ്യനിര താരം 15 അസിസ്റ്റുകളും 13 ഗോളുകളുമാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.
ട്രാൻസ്ഫർ വിപണിയിൽ 45 ദശലക്ഷം പൗണ്ട് ആണ് കാന്റെയുടെ നിലവിലെ മൂല്യം. 2016 ൽ ലെസ്റ്റർസിറ്റിയിൽ നിന്ന് 32 ദശലക്ഷം പൗണ്ടിനാണ് ചെൽസി ഫ്രഞ്ച് താരത്തെ സ്വന്തമാക്കിയത്. ജോസെ മൊറീഞ്ഞോയെ പുറത്താക്കിയതിനു ശേഷം കാര്യമായ നേട്ടങ്ങളൊന്നും പറയാനാല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗിന്റെ കീഴിൽ ഉയർത്തെഴുന്നേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീബിൾഡിനായുള്ള നീക്കങ്ങളും പുതിയ പരിശീലകൻ ആരംഭിച്ചിട്ടുണ്ട്.






































