വരുന്ന സീസണിൽ ആൽവാരോ വാസ്ക്വസ് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് അറിച്ച് ബ്ലാസ്റ്റേഴ്സ്
ഐഎസ്എൽ ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന ആൽവാരോ വാസ്ക്വസ് വരുന്ന സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് അറിച്ചു. വാസ്ക്വസ് ക്ലബ് വിടുകയാണെന്ന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്ന താരത്തിന്റെ സംഭാവനയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ക്ലബ് നന്ദി അറിയിച്ചു.
ക്ലബിനൊപ്പം തുടരാത്ത വാസ്ക്വസ് അടുത്ത സീസണിൽ എഫ്സി ഗോവയ്ക്കായി പന്തു തട്ടുമെന്നാണ് വാർത്തകൾ. ഗോവയുമായി താരം രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കും. ടീമിൽ തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സും വാസ്ക്വസുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഇതൊന്നും വിജയം കണ്ടിരുന്നില്ല.കഴിഞ്ഞ സീസണിൽ ടീമിനായി 8 ഗോളുകളും രണ്ട് അസിസ്റ്റുമാണ് താരം നേടിയത്.
സ്പാനിഷ് സ്ട്രൈക്കറിനായി ചൈനീസ് സൂപ്പർ ലീഗിൽ നിന്നും, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് ഐഎസ്എൽ ക്ലബ്ബുകൾ എന്നിവരിൽ നിന്നും ഓഫറുകൾ വന്നിരുന്നെങ്കിലും ആൽവാരോ ഐഎസ്എല്ലിൽ തുടരുന്നതിനായി ഗോവയുമായി ചർച്ചകൾ നടത്തി. സ്പെയിനിലും ഇംഗ്ലണ്ടിലും ഉയർന്ന തലത്തിൽ കളിച്ച പരിചയം വാസ്ക്വസിനുണ്ട്. ലാ ലിഗയിൽ 150-ലധികം മത്സരങ്ങളും പ്രീമിയർ ലീഗിൽ സ്വാൻസീ സിറ്റിക്കൊപ്പം 12 മത്സരങ്ങളും കളിച്ചിട്ടുണ്ട്.