ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിന്റെ പരിശീലക ചുമതല വിവിഎസ് ലക്ഷ്‌മണിനെന്ന് സ്ഥിരീകരിച്ച് ബിസിസിഐ
ജൂൺ 26 ന് ആരംഭിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിന്റെ പരിശീലക ചുമതല വിവിഎസ് ലക്ഷ്മൺ ഏറ്റെടുക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).
ഇംഗ്ലണ്ടിനെതിരായ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റിനും വൈറ്റ്-ബോൾ പരമ്പരയ്ക്കുമുള്ള സീനിയർ അംഗ ടീമിനെ സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡായിരിക്കും നയിക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര പൂർത്തിയാക്കിയ ശേഷം ദ്രാവിഡ് പര്യടന ടീമിൽ ചേരുമെന്നാണ് റിപ്പോർട്ട്.
മുൻ ഇന്ത്യൻ താരമായ ലക്ഷ്മൺ ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ക്രിക്കറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയാണ്. ഐപിഎൽ ഉൾപ്പടെയുള്ള വേദികളിൽ പരിശീലക വേഷങ്ങളിൽ ഒരുപാട് അനുഭവസമ്പത്തുള്ളയാളാണ് ലക്ഷ്‌മൺ.
ബെംഗളൂരുവിൽ എൻസിഎ ഡയറക്ടറായി ചുമതലയേൽക്കുന്നതിനു മുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക റോളിലും ബാറ്റിംഗ് കൺസൾട്ടന്റായി ഇന്ത്യൻ ആഭ്യന്തര ടീമായ ബംഗാളിനുമായി പരിശീലക വേഷത്തിൽ വിവിഎസ് ലക്ഷ്മൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്.