പടിദാറിന്റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോർ നേടി ആർസിബി, ലഖ്നൗവിന് ജയിക്കാൻ 208 റൺസ് വിജയലക്ഷ്യം
ഐപിഎൽ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയിന്റ്സിനെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ. രജത് പടിദാറിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ആർസിബിക്ക് നിർണായക മത്സരത്തിൽ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്. 20 ഓവർ പിന്നിട്ടപ്പോൾ ആർസിബി 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് നേടിയത്.
മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറിൽ തന്നെ ഗോൾഡൻ ഡക്കായി നായകൻ ഫാഫ് ഡുപ്ലെസി ഗ്യാലറിയിലെത്തി. എന്നാൽ പിന്നാലെ എത്തിയ പടിദാറാണ് ടീമിനെ മുന്നോട്ടു നയിച്ചത്.
വിരാട് കോലി ക്രീസിലുണ്ടായിരുന്നെങ്കിലും ആദ്യ വിക്കറ്റ് വീണതോർത്ത് താരം മെല്ലെയാണ് സ്കോർ ചലിപ്പിച്ചത്. 24 പന്തിൽ 25 റൺസെടുത്ത കോലിയെ മടക്കി ഒമ്പതാം ഓവറിൽ മോസിൻ ഖാൻ ലഖ്നൗവിന് ബ്രേക്ക് ത്രൂ നൽതി. നാലാമനായി എത്തിയ മാക്സ്വെല്ലും (9) മഹിപാൽ ലോംറോറും (14) നിരാശപ്പെടുത്തിയതോടെ ആർസിബി 115-4 എന്ന നിലയിലേക്ക് പരുങ്ങി. എന്നാൽ അവിടുന്ന് ഒന്നിച്ച ദിനേശ് കാർത്തിക്കും പടിദാറും ചേർന്ന് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. 14-ാം ഓവറിന്റെ രണ്ടാം പന്തിൽ ഒന്നിച്ച ഇരുവരും ചേർന്ന് ലഖ്നൗ ബോളർമാരെ കണക്കിനാണ് ശിക്ഷിച്ചത്.
54 പന്തിൽ നിന്നും ഏഴ് സിക്സിന്റെയും 12 ഫോറിന്റെയും അമ്പടിയോടെ പുറത്താവാതെ 112 റൺസെടുത്ത രജത് പടിദാറിന്റെ ബാറ്റിംഗാണ് ഏറെ ശ്രദ്ധേയമായത്. അതേസമയം 23 പന്തിൽ 37 റൺസെടുത്ത് കാർത്തിക്കും നിർണായക സംഭാവനയാണ് നൽകിയത്.