പൗ ടോറസിനെ ടീമിലെത്തിക്കാൻ പച്ചക്കൊടി കാട്ടി യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്
പൗ ടോറസിനെ ടീമിലെത്തിക്കാൻ പച്ചക്കൊടി കാട്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സ്ഥിരം പരിശീലകൻ എറിക് ടെൻ ഹാഗ്. കടന്നു പോയ സീസണിൽ ഏറ്റവും മോശം ഡിഫെൻസിംഗിനു പഴികേട്ട യുണൈറ്റഡിനെ നന്നാക്കാനാണ് വിയ്യാറയലിൽ നിന്നും സ്പാനിഷ് താരത്തെ എത്തിക്കാൻ ടെൻ ഹാഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളായി താരം ലാലിഗയിലും മറ്റ് യൂറോപ്യൻ ടൂർണമെന്റുകളിലും ടീമിനായി ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 2021 യൂറോപ്പ ലീഗ് ഫൈനലിൽ യുണൈറ്റഡിനെ തോൽപ്പിച്ച വിയ്യാറയൽ ടീമിന്റെ ഭാഗമായിരുന്നു ടോറസ്. താരത്തിന് സ്പാനിഷ് ടീം 55 മില്യൺ പൗണ്ട് റിലീസ് ക്ലോസാണ് കരാറിൽ വെച്ചിരിക്കുന്നത്.
ഈ ആഴ്‌ച യുണൈറ്റഡിന്റെ പുതിയ മാനേജരായി ടെൻ ഹാഗ് സ്ഥാനമേൽക്കുന്നത്. പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പ് നിരവധി കളിക്കാർ ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആറ് ഫസ്റ്റ്-ടീം കളിക്കാരുടെ കരാറും അവസാനിക്കുന്നുണ്ട്.
ആയതിനാൽ യുണൈറ്റഡ് ഇതിനകം തന്നെ പുതിയ കളിക്കാരെ ടീമിലെത്തിക്കാനുള്ള പ്രവർത്തനത്തിലാണ്. ഒരു പുതിയ സെൻട്രൽ ഡിഫെൻഡറും സെൻട്രൽ മിഡ്ഫീൽഡർക്കുമാണ് പ്രഥമ പരിഗണന. കൂടാതെ സ്ട്രൈക്കർ, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിലേക്കും താരങ്ങളെ തേടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും എറിക് ടെൻ ഹാഗും.






































