കില്ലർ മില്ലർ! ക്വാളിഫയറിൽ രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഫൈനലിൽ
ഐപിഎല്ലിൽ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ മൂന്നു പന്തുകൾ ബാക്കി നിൽക്കെയാണ് മറികടന്നത്.
ഗുജറാത്തിന്റെ മറുപടി ബാറ്റിംഗിൽ തുടക്കം മോശമായിരുന്നെങ്കിലും പിന്നാലെ എത്തിയവരെല്ലാം തകർത്തടിച്ചതോടെയാണ് രാജസ്ഥാന്റെ ഫൈനൽ സ്വപ്നം വീണുടഞ്ഞത്. ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ വൃദ്ധിമാൻ സാഹയെ പുറത്താക്കി ട്രെൻ്റ് ബോൾട്ട് റോയൽസിന് പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം വിക്കറ്റൽ ശുഭ്മാൻ ഗില്ലും മാത്യു വെയ്ഡും ചേർന്ന് ഗുജറാത്തിനെ കരകയറ്റുകയായിരുന്നു.
7.4 ഓവറിൽ ഇരുവരും ചേർന്ന് സ്കോർ 72-ൽ എത്തിച്ചാണ് മടങ്ങിയത്. 21 പന്തിൽ 35 റൺസെടുത്ത ഗില്ലും 30 പന്തിൽ 35 റൺസെടുത്ത വെയ്ഡും പുറത്തായപ്പോൾ 85-3 എന്ന നിലയിലേക്ക് ടൈറ്റൻസ് വീണു. എന്നാൽ അവിടുന്ന് ക്രീസിലെത്തിയ നായകൻ ഹാർദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ചേർന്ന് രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. രാജസ്ഥാൻ ബോളേഴ്സിനെ കണക്കിനു ശിക്ഷിച്ച ഇരുവരും ചേർന്നാണ് ടീമിന്റെ അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിൽ എത്താൻ സഹായിച്ചത്.
38 പന്തിൽ അഞ്ചു സിക്സറുകളുടേയും മൂന്ന് ഫോറുകളുടെയും അകമ്പടിയോടെ മില്ലർ 68 റൺസാണ് അടിച്ചെടുത്തത്. മറുവശത്ത് പാണ്ഡ്യ 27 പന്തിൽ 40 റൺസും നേടി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 16 റൺസ് വെറും മൂന്നു പന്തിൽ തന്നെ നേടിയാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലേക്ക് പ്രവേശിക്കുന്നത്.