ഐപിഎൽ ആദ്യ ക്വാളിഫയർ ഇന്ന്, രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ
ഐപിഎല്ലിൽ ഇന്ന് പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും നേർക്കുനേർ. ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുന്ന ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ് തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഫേവറിറ്റ്സുകൾ എന്നുവേണമെങ്കിൽ പറയാം.
മറുവശത്ത് ഐപിഎല്ലിന്റെ ആദ്യ സീസണിലെ ചരിത്രനേട്ടം ആവർത്തിക്കാനാണ് യുവതലമുറയുടെ കരുത്തിലെത്തുന്ന രാജസ്ഥാൻ ഒരുങ്ങുന്നത്. ലീഗ് ഘട്ടില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയ ടീമുകളാണ് ഗുജറാത്തും രാജസ്ഥാനും. ഇന്നു ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലെത്താം. അതേസമയം തോൽവിയാണെങ്കിൽ രണ്ടാം ക്വാളിഫയറിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിട്ട് വീണ്ടും ഫൈനലിലെത്താനുള്ള അവസരവും ഒരുങ്ങും.
ബാറ്റിംഗിലും ബോളിംഗിലും സന്തുലിതമായ ടീമാണ് രാജസ്ഥാനും ഗുജറാത്തും എന്നതിനാൽ ആർക്കും അക്കാര്യമോർത്ത് നിരാശയില്ല. എന്നാൽ സൂപ്പർ താരം ജോസ് ബട്ലർ തുടക്കത്തിലെ താളം കണ്ടെത്താത്തത് മാത്രമാണ് റോയൽസിന് അൽപം തിരിച്ചടിയാവുന്നത്. ഗുജറാത്തിന് അത്തരം തലവേദനകളൊന്നുമില്ലെങ്കിലും നായകൻ പാണ്ഡ്യയുടെ പ്രകടനം നിർണായകമാവും.