ഐപിഎല്ലിൽ ഡൽഹിക്കെതിരെ മുംബൈയ്ക്ക് ജയിക്കാൻ 160 റൺസ് വിജയലക്ഷ്യം
നിർണായക മത്സരത്തിൽ മുംബൈക്ക് മുന്നിൽ 160 റൺസ് വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവർ പൂർത്തിയാക്കിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്.
ക്യാപിറ്റൽസിന് റിഷഭ് പന്തിന്റേയും റോവ്മാൻ പവലിന്റെയും നിർണായക ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തുടക്കം മോശമായതാണ് ഉയർന്ന സ്കോർ നേടാൻ ഡൽഹിക്ക് സാധിക്കാതെ പോയത്. മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള ഡേവിഡ് വാര്‍ണറെ(6) മടക്കി ഡാനിയേല്‍ സാംസാണ് ഡല്‍ഹിയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
പിന്നാലെ ആദ്യ ബോളിൽ തന്നെ മിച്ചൽ മാർഷും ഗോൾഡൻ ഡക്കായതോടെ ക്യാപിറ്റൽസ് സമ്മർദത്തിലായി. എന്നാൽ ഒരറ്റത്ത് പിടിച്ചു നിന്ന പൃഥ്വി ഷായെ( 24) കൂടി ബുമ്ര വീഴ്ത്തിയതോടെ ഡല്‍ഹി 31-3 എന്ന നിലയിലേക്ക് വീണു. സര്‍ഫ്രാസ് ഖാനും അധികം ആയുസുണ്ടായില്ല. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച നായകൻ പന്തും പവലും ടീമിനെ കരകയറ്റുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് 50-4 എന്ന നിലയിൽ നിന്നും ഡല്‍ഹിയെ 125-ല്‍ എത്തിച്ചു. എന്നാല്‍ റിഷഭ് പന്ത് താളം കണ്ടെത്താന്‍ പാടുപെട്ടത് ഡല്‍ഹിയുടെ സ്കോറിംഗ് വേഗത്തെ ബാധിച്ചു. 33 പന്തിൽ 39 റൺസെടുത്ത് നായകനും 34 പന്തില്‍ 43 റൺസെടുത്ത് പവലും മടങ്ങിയതോടെ അവസാന ഓവറുകളിലെ പ്രതീക്ഷയും ഡൽഹിക്ക് ഇല്ലാതായി. അക്സര്‍ പട്ടേലിന്റെ(10 പന്തില്‍ 19*) ബാറ്റിംഗാണ് ഒടുവില്‍ ഡല്‍ഹിയെ 150 കടത്തിയത്.