Cricket IPL IPL-Team Top News

ജയ്‌സ്‌വാളും അശ്വിനും രക്ഷകരായി, ചെന്നൈയെ തകർത്ത് രാജസ്ഥാൻ ക്വാളിഫയറില്‍

May 20, 2022

author:

ജയ്‌സ്‌വാളും അശ്വിനും രക്ഷകരായി, ചെന്നൈയെ തകർത്ത് രാജസ്ഥാൻ ക്വാളിഫയറില്‍

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ കീഴടക്കി പ്ലേഓഫ് യോഗ്യത നേടി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ചെന്നൈ ഉയർത്തിയ 151 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന റോയൽസ് അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു.

അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ രവിചന്ദ്ര അശ്വിന്റെ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 44 പന്തില്‍ 59 റണ്‍സടിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. തകര്‍പ്പന്‍ ഫോമിലായിരുന്ന ജോസ് ബട്‌ലര്‍ ഇന്നും നിരാശപ്പെടുത്തിയത് രാജസ്ഥാന് പ്ലേഓഫിലേക്ക് എത്തുമ്പോൾ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്.

രണ്ടാം ഓവറിൽ ബട്‌ലർ ഗ്യാലറിയിലെത്തിയെങ്കിലും ഒരു വശത്ത് തകർപ്പൻ ഫോമിലായിരുന്നു യശസ്വി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ യശസ്വി ജയ്‌സ്വാളുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചു. എന്നാൽ 20 പന്തില്‍ 15 റണ്‍സെടുക്കാനെ സഞ്ജുവിനായുള്ളു. നായകൻ മടങ്ങുമ്പോൾ റോയൽസ് 8.3 ഓവറിൽ 67-2 എന്ന നിലയിലായി. പിന്നാലെ എത്തിയ ദേവദത്ത് പടിക്കലും (3) നിരാശപ്പെടുത്തിയതോടെ രാജസ്ഥാൻ സമ്മർദത്തിലായി.

എന്നാല്‍ അഞ്ചാം നമ്പറിലെത്തി അശ്വിനും ജയ്‌സ്‌വാളും ചേര്‍ന്ന് രാജസ്ഥാനെ ജയത്തിലെത്തിക്കുമെന്ന് കരുതിയിരിക്കെ 44 പന്തില്‍ 59 റൺസ് നേടിയ യെശസ്വിയെും ഷിമ്രോൺ ഹെറ്റ്മെയറിനെയും പുറത്താക്കി ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. അപ്പോഴാണ് രക്ഷകനായി അശ്വിനെത്തിയത്. അശ്വിന്‍റെ അവസരോചിത ബാറ്റിംഗ് രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 23 പന്തിൽ 40 റൺസ് നേടി താരം പുറത്താവാതെ നിന്നു. ടീം പ്ലേഓഫ് യോഗ്യത നേടുമ്പോൾ 10 റൺസെടുത്ത് റിയാൻ പരാഗും പുറത്താവാതെ ക്രീസിലുണ്ടായിരുന്നു.

ജയത്തോടെ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം ഉറപ്പിച്ച രാജസ്ഥാന്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇതില്‍ തോറ്റാലും എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമുമായി രാജസ്ഥാന് രണ്ടാം ക്വാളിഫയറില്‍ കളിക്കാനാകും. ഇതില്‍ ജയിച്ചാല്‍ ഫൈനലിലെത്താം.

Leave a comment