നിർണായക ഘട്ടത്തിൽ കോലി രക്ഷയ്ക്കെത്തി, ഗുജറാത്തിനെ 8 വിക്കറ്റിന് തകർത്ത് ബാംഗ്ലൂർ
നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേഓഫ് സാധ്യത നിലനിർത്തി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങി ഹാർദിക് പാണ്ഡ്യയും സംഘവും ഉയർത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം ആർസിബി 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്തു.
മുന്‍ നായകന് വിരാട് കോലിയുടെ തട്ടുപൊളിപ്പൻ പ്രകടനമാണ് നിർണായക മത്സരത്തിൽ കാണാനായത്. ഒപ്പം ഗ്ലെൻ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിഗും ബാംഗ്ലൂരിന്റെ വിജയം അനായാസമാക്കുകയായിരുന്നു. ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് കോലിയും ഡുപ്ലെസിയും സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 14.3 ഓവറിൽ 114 റൺസാണ് കൂട്ടിച്ചേർത്തത്. 38 പന്തിൽ 44 റൺസെടുത്ത ഡുപ്ലെസിയെ റാഷിദ് ഖാൻ പുറത്താക്കുമ്പോൾ ആർസിബി അതിവേഗം ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു.
പതിനഞ്ചാം ഓവറില്‍ റാഷിദ് ഖാന് ഡൂപ്ലെസിയെയും (38 പന്തില്‍ 44), പതിനേഴാം ഓവറില്‍ വിരാട് കോലിയെയും(54 പന്തില്‍ 73) പുറത്താക്കിയെങ്കിലും പിന്നാലെയെത്തിയ മാക്സ്വെൽ തകർത്തടിച്ചതോടെ സ്കോർ ശരവേഗത്തിൽ കുതിച്ചു. 18 പന്തില്‍ 40 റൺസെടുത്ത ഓസീസ് താരത്തിന്റെ മികവാണ് അവസാനം കാണാനായത്.
ഗുജറാത്തിനെ കീഴടക്കി 14 കളികളില്‍ 16 പോയിന്റ് നേടിയെങ്കിലും ബാംഗ്ലൂരിന് ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ശനിയാഴ്ച്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ മികച്ച റണ്‍റേറ്റുളള ഡല്‍ഹി ജയിച്ചാല്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്താവും. ഫലം മറിച്ചാണെങ്കിൽ അവസാന നാലിൽ ആർസിബിക്ക് സീറ്റുറപ്പിക്കാം.