ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂരിന് നിലനിൽപ്പിന്റെ പോരാട്ടം, എതിരാളി ഗുജറാത്ത്
ഐപിഎല്ലിൽ ഇന്ന് പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് സാധ്യതകൾ നിലനിർത്താനായി ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സുമായി ഏറ്റുമുട്ടും. ആദ്യ നാലിൽ എത്താനുള്ള പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം തന്നെയാണ് ആർസിബിക്ക് വേണ്ടത്.
തോറ്റാൽ ആദ്യ കിരീടമെന്ന സ്വപ്നം ഇത്തവണയും പൊലിയും. ജയിച്ചാലും അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സ് തോൽക്കണം ബാംഗ്ലൂരിന് അവസാന നാലിലെത്താൻ എന്നതും കൗതുകകരമാണ്. തകർപ്പൻ ഫോമിലുള്ള ഗുജറാത്തിനെ മറികടക്കുകയും അത്ര എളുപ്പമുള്ള കാര്യമല്ല. വലിയ സ്കോർ നേടാൻ വിരാട് കോലി, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്വെൽ, രജത് പഠീദാർ, ദിനേശ് കാർത്തിക് എന്നിവരെല്ലാം സഹായിക്കണം.
ബോളിംഗിൽ മുഹമ്മദ് സിറാജും ജോഷ് ഹേസല്‍വുഡും എല്ലാം നിരാശപ്പെടുത്തുമ്പോൾ ഹസരങ്ക മാത്രമാണ് ആർസിബിക്ക് ആകെ ആശ്വാസം. സീസണിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരിനെ വീഴ്ത്തിയ ആത്മവിശ്വാസവുമായാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഗുജറാത്ത് കളത്തിലിറങ്ങുന്നത്. ഈ സീസണിലെ ഏറ്റവും മികവുള്ള ടീമാണ് ടൈറ്റൻസ്. ടീമിൽ യാഷ് ദയാലിന് പകരം പ്രദീപ് സാങ്വാൻ എത്തിയേക്കും. അൽസാരി ജോസഫിനെ മാറ്റി വീണ്ടും ലോക്കി ഫെർഗ്യൂസന് അവസരം നൽകാനും സാധ്യത.