നാട്ടിലേക്ക് മടങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ കെയ്ന്‍ വില്യംസണ്‍
ലീഗിലെ അവസാന മത്സരത്തിന് നില്‍ക്കാതെ ന്യൂസിലാൻഡിലേക്ക് മടങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട കാരണം കൊണ്ടാണ് താരം നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.
ഈ സീസണിൽ കാര്യമായ സംഭാവ ഒന്നും ചെയ്യാതിരുന്ന വില്യംസണിന്റെ അസാന്നിധ്യം ടീമിനെ കാര്യമായി ബാധിച്ചേക്കില്ല. 12 മത്സരങ്ങളിലും ഓപ്പണറായി കളിച്ച വില്യംസണിന്റെ സ്‌ട്രൈക്ക് റേറ്റ് 93.50 മാത്രമാണ്. ഐപിഎല്ലില്‍ ഹൈദരാബാദിന്റെ അവസാന മത്സരം ശനിയാഴ്ച്ച പഞ്ചാബ് കിംഗ്സിനെതിരെയാണ്.
ഈ മത്സരത്തിൽ മുമ്പ് ക്യാപ്റ്റനായിരുന്നു ഭുവനേശ്വര്‍ കുമാര്‍, വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാൻ എന്നിവരിൽ ആരെങ്കിലുമായിരിക്കും ടീമിനെ നയിക്കാൻ എത്തുക. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ മൂന്നു റൺസിന് പരാജയപ്പെടുത്തിയ ഹൈദരാബാദിന് മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ച് ഇപ്പോഴും പ്ലേഓഫ് സാധ്യതകൾ വിദൂരത്തുണ്ട്. ആയതിനാൽ അവസാന കളിയിലും ജയിക്കാനാവും ടീമിന്റെ ശ്രമം.
നിലവില്‍ 13 മത്സരങ്ങളില്‍ 12 പോയിന്റുള്ള സൺറൈസേഴ്‌സിന് വരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിക്കുകയും പഞ്ചാബിനെതിരെ ഹൈദരാബാദ് വന്‍ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഹൈദരാബാദ് പ്ലേ ഓഫിലെത്താം.






































