വെടിക്കെട്ട് ബാറ്റിംഗുമായി ത്രിപാഠി, മുംബൈ ഇന്ത്യൻസിന് 194 റൺസ് വിജയലക്ഷ്യം ഉയർത്തി ഹൈദരാബാദ്
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ 194 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. രാഹുൽ ത്രിപാഠി, നിക്കോളാസ് പുരാൻ പ്രിയം ഗാർഗ് എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാൻ ഹൈദരാബാദിനെ സഹായിച്ചത്.
ആദ്യ വിക്കറ്റിൽ അഭിഷേക് ശർമ (9) നിരാശപ്പെടുത്തിയെങ്കിലും ടീമിൽ അവസരം ലഭിച്ച പ്രിയം ഗാർഗ് തന്റെ അവസരം മുതലെടുത്ത് ഗംഭീരമായി കളിച്ചു. രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയുമായി ചേർന്ന് 10 ഓവറിൽ ടീമിനെ 96-ൽ എത്തിച്ചാണ് ഗാർഗ് മടങ്ങിയത്. 26 പന്തിൽ 42 റൺസെടുത്ത താരത്തെ രമൺദീപ് സിംഗാണ് പുറത്താക്കിയത്.
പിന്നീട് ത്രിപാഠിയും പുരാനും സ്കോറിംഗ് വേഗം കൂട്ടിയതോടെ ഹൈദരാബാദിന് ഉയർന്ന് സ്കോർ ഉറപ്പായിരുന്നു. 17 ഓവറിൽ 170 കടത്തിയാണ് 38 റൺസെടുത്ത പുരാൻ പുറത്തായത്. മറുവശത്ത് ത്രിപാഠി 44 പന്തിൽ 76 റൺസെടുത്ത് തിളങ്ങി. ഒരുഘട്ടത്തിൽ സ്കോർ 200 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 3 റൺസെടുക്കുന്നതിനിടയിൽ 3 വിക്കറ്റ് തുടരെ നഷ്ടപ്പെട്ട ഹൈദരാബാദ് പരുങ്ങി. അവസാന ഓവറുകളിൽ നായൻ കെയ്ൻ വില്യംസണും വാഷിങ്ടൺ സുന്ദറിനും കാര്യമായി ഒന്നും ചെയ്യാവാതെ വന്നതോടെ സ്കോർ 193-ൽ ഒതുങ്ങുകയായിരുന്നു.
മുംബൈ ഇന്ത്യൻസിനായി രമൺദീപ് സിംഗ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഡാനിയൽ സാംസ്, റിലേ മെറിഡിത്ത്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി.