ന്യൂസിലൻഡിൽ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ഒരുങ്ങി ബംഗ്ലാദേശ്
ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ദേശീയ ടീം ന്യൂസിലൻഡിൽ ത്രിരാഷ്ട്ര പരമ്പര കളിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഒക്ടോബർ ഏഴിന് അല്ലെങ്കിൽ എട്ടിനായിരിക്കും ക്രൈസ്റ്റ്ചർച്ചിൽ പരമ്പര ആരംഭിക്കുക.
ന്യൂസിലൻഡ് ആതിഥേയത്വം വഹിക്കുന്ന പരമ്പരയിൽ മൂന്നാം ടീമായി പാകിസ്ഥാനായിരിക്കും പങ്കെടുക്കുക. ഓസ്‌ട്രേലിയയിൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള ബംഗ്ലാദേശിന്റെ അവസാന ടി20 അന്താരാഷ്ട്ര പരമ്പരയാകുമിത്.
ത്രിരാഷ്ട്ര പരമ്പരയ്ക്കായി ക്രൈസ്റ്റ് ചർച്ചിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബംഗ്ലാദേശ് ഏകദേശം ഒരാഴ്ച്ച അഡ്‌ലെയ്ഡിൽ പരിശീലനം നടത്തും. സന്ദർശകർ അഡ്‌ലെയ്ഡിലെ ക്യാമ്പിനിടെ ഓസ്‌ട്രേലിയൻ ആഭ്യന്തര ടീമിനെതിരെ ടി20 മത്സരങ്ങൾ കളിക്കാനും തയാറെടുക്കുന്നുണ്ട്. ഏഷ്യാ കപ്പിന് പുറമെ, ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിനും സിംബാബ്‌വെയ്‌ക്കുമെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഏറ്റുമുട്ടുന്നുണ്ട്.






































