ജെസെ ലിംഗാര്‍ഡിനെ വീണ്ടും ടീമിലെത്തിക്കാന്‍ സന്നദ്ധതയറിയിച്ച് വെസ്റ്റ് ഹാം
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജെസെ ലിംഗാര്‍ഡിനെ വീണ്ടും ടീമിലെത്തിക്കാന്‍ സന്നദ്ധതയറിയിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. സീസൺ അവസാനത്തോടെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കുന്ന ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ക്ലബ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ലിംഗാര്‍ഡിനെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ഉൾപ്പടെയുള്ള മറ്റ് ടൂമുകളും രംഗത്തുണ്ട് എന്നതാണ് നടപടികളിലേക്ക് കടക്കാൻ വെസ്റ്റ് ഹാം താത്പര്യം പ്രകടിപ്പിച്ചത്. 2020-21 സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡില്‍ നിന്ന് ലോൺ അടിസ്ഥാനത്തിൽ വെസ്റ്റ് ഹാമിന് വേണ്ടി കളിച്ചപ്പോൾ ലിംഗാർഡ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ആ സീസണില്‍ ഹാമേഴ്സിനായി 16 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ജെസെ ലിംഗാര്‍ഡ് സ്വന്തമാക്കിയത്. ഈ കരാറിന് ശേഷം അന്നേ താരത്തെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്നത്തെ യുണൈറ്റഡ് പരിശീലകനായിരുന്ന ഒലെ ഗുണ്ണാർ സോൾസ്ഷ്യർ ലിംഗാർഡിനെ ടീമിൽ നിലനിർത്തുകയായിരുന്നു.
എന്നാൽ ഈ സീസണിൽ ബെഞ്ചിലായിരുന്നു ഇംഗ്ലീഷ് താരം കൂടുതലും ചെലവഴിച്ചത്. നിലവിലെ താത്ക്കാലിക പരിശീലകനായ റാൾഫ് റാങ്ക്നിക്കിന് കീഴിലും വേണ്ടത്ര സമയം കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനുള്ള തീരുമാനം ലിംഗാർഡ് കൈകൊണ്ടത്.






































